Monday, July 14, 2008

പൂവന്‍ കോഴി കൂവുന്നത്‌..........

പുലര്‍ കാലത്ത്‌ പൂവന്‍ കോഴി കൂവുന്നത്‌ എന്തു കൊണ്ട്‌ ?

പുലരിയില്‍ പൂവന്‍ കോഴി മാത്രമല്ലല്ലോ കൂവുന്നത്‌. മറ്റ്‌ വിവിധ തരം പക്ഷികളും അതിരാവിലെ അവരുടേതായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്‌. കോഴി വളര്‍ത്തു പക്ഷി ആയതുമൂലം നാം അതു കൂടുതല്‍ ശ്രദ്ധിക്കുന്നു. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും പൂവന്‍ കോഴിയുടെ കൂവലിനു പിന്നിലുള്ള ചില ശാസ്ത്രീയ വിശദീകരണങ്ങള്‍ നോക്കാം.മുഖ്യമായ വിശദീകരണം അവയുടെ ജീവശാസ്ത്ര ഘടികാരം അഥവാ ബയോളജിക്കല്‍ ക്ലോക്കിന്റെ പ്രവര്‍ത്തനഫലമായാണ്‌. എല്ലാ തരം ജീവികളിലും അവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടിയുള്ള ഒരു ആന്തര സംവിധാനമാണിത്‌. ദിവസ ദൈര്‍ഘ്യമായ ഇരുപത്തിനാലു മണിക്കൂറും ഇതു സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യനും ഇതില്‍ നിന്നു വിഭിന്നമല്ല. വിശ്രമശേഷം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കാനും പ്രവര്‍ത്തനശേഷം വിശ്രമിക്കാനുമൊക്കെ നിര്‍ദ്ധേശങ്ങള്‍ നല്‍കുക ഈ ഘടികാരമത്രേ. ജീവജാലങ്ങളുടെ തലച്ചോറിനോടനുബന്ധിച്ചാണ്‌ ഈ ഘടികാര പ്രവര്‍ത്തനങ്ങളും നടക്കുക. കീ കൊടുക്കലോ ബാറ്ററിയോ ക്വാര്‍ട്സ്‌ ക്രിസ്റ്റലുകളോ വേണ്ടെന്ന്‌ മാത്രം. പൂവന്‍ കോഴി ഒരു സംഘത്തിന്റെ നേതാവാണ്‌. മറ്റ്‌ പ്രജകളെ ഉണര്‍ത്തേണ്ടതും കര്‍മ്മോന്‍മുഖരാക്കേണ്ടതും നേതാവിന്റെ കര്‍ത്തവ്യമാണ്‌. ആ കര്‍ത്തവ്യ ബോധമുള്ളതിനാല്‍ അത്‌ ആദ്യം തന്നെ ഉണരുകയും ഉച്ചത്തില്‍ കൂവി മറ്റുള്ളവരെ ഉണര്‍ത്തുകയും ചെയ്യുന്നു. മറ്റ്‌ പക്ഷികളെ പോലെ ഇര തേടാനുള്ള പ്രവര്‍ത്തിയുടെ ആദ്യ ഘട്ടമാണ്‌ ഈ ശബ്ദ ഘോഷവും. അതിരാവിലെയുള്ള ഭക്ഷണം തേടലിന്റെ ഒരു തയ്യാറെടുപ്പു കൂടിയാണ്‌ ഈ കൂവലും കലപില ശബ്ദങ്ങളും. അതിരാവിലെ ശ്രദ്ധിച്ചാല്‍ മറ്റ്‌ നിരവധി തരം പക്ഷികളും ഈ സ്വഭാവം കാട്ടുന്നതായി കാണാം. ഇനി നേതാവിന്റെ ധര്‍മ്മമാണ്‌ പ്രജകളൂടെ സംരക്ഷണം . തന്റെ അധീനതയില്‍ പെട്ട സ്ഥലത്ത്‌ മറ്റുള്ളവര്‍ കടന്നു കയറുന്നത്‌ അവര്‍ക്ക്‌ രസിക്കില്ല. തന്റെ അധികാര പരിധി മറ്റുള്ളവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കാന്‍ കൂടിയാണ്‌ അവ കൂവുന്നത്‌. ഇത്തരം അറിയിപ്പുകള്‍ മറ്റ്‌ സമയങ്ങളിലും കേള്‍ക്കാനാവും. കുയിലിന്റെ പാട്ടും ഇതിന്റെ മറ്റൊരു ഉദാഹരണമാണ്‌. ഉദ്ദിഷടത , ജാഗ്രത എന്നീ അറിയിപ്പുകള്‍ കൂടാതെ കര്‍മ്മോത്സുകതക്കുള്ള ആഹ്വാനം കൂടിയാണ്‌ കൂവല്‍. ചുരുക്കത്തില്‍ കൂവുക പൂവന്റെ പൊതുസ്വഭാവമാണ്‌.

സാജന്‍ മാറനാട്‌
മാധ്യമം ദിനപത്രം

1 comment:

കുഞ്ഞന്‍ said...

നല്ലൊരു നിരീക്ഷണം.

ഒരു പൂവങ്കോഴി കൂവിയാല്‍ അതിന്റെ അല തീരുന്നതിനു മുമ്പ് മറ്റൊരു പൂവന്‍ കോഴി കൂവുന്നു..ഒന്നും വിചാരിക്കല്ലെ ഇതുപോലെതന്നെയാണ് എനിക്കു പള്ളികളിലെ ബാങ്ക് മുഴക്കുന്നതും തോന്നിയത്..ഒരേ താളത്തില്‍...!

Followers

Back to TOP