Tuesday, December 30, 2008

രോഗപ്രതിരോധത്തിന്‌ പപ്പായ

ഈ ലേഖനം വായിക്കുവാന്‍ ഇവിടെ അമര്‍ത്തുക

Monday, December 29, 2008

ഇന്ത്യന്‍വംശജയുടെ പേരില്‍ ക്ഷുദ്രഗ്രഹം

ഗുവാഹാട്ടി: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിക്ക്‌ അപൂര്‍വഅംഗീകാരം. 2007ലെ ഇന്റല്‍ ഇന്റര്‍നാഷണല്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങ്‌ ഫെയറില്‍ വിജയിയായ നന്ദിനിശര്‍മ (18)യുടെ പേരിലാവും ഇനിയൊരു ക്ഷുദ്രഗ്രഹം അറിയപ്പെടുക. 

മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയും യു.എസ്‌. സയന്‍സ്‌ സര്‍വീസും അന്താരാഷ്‌ട്ര ജ്യോതിശാസ്‌ത്ര അസോസിയേഷന്‍ അംഗീകാരത്തോടെയാണ്‌ നന്ദിനിശര്‍മയോടുള്ള ആദരസൂചകമായി ചെറുഗ്രഹത്തിന്‌ 23228 നന്ദിനി ശര്‍മ എന്ന പേര്‌ നല്‌കിയത്‌. 

ഇന്റല്‍ഫെയറില്‍ നന്ദിനിയുടെ മൈക്രോബയോളജി പ്രോജക്ടിനാണ്‌ ഒന്നാംസമ്മാനം ലഭിച്ചത്‌. അസമിലെ ബാര്‍പേട്ട ജില്ലയിലെ പതശാലയിലുള്ള മുത്തച്ഛനെയും മുത്തശ്ശിയെയും കാണാന്‍ നന്ദിനി ഇടയ്‌ക്കിടെ എത്താറുണ്ട്‌.

Sunday, November 23, 2008

നിങ്ങള്‍ക്കറിയാമോ

സമൂഹത്തെ പറ്റിയുള്ള പഠനം : സോഷ്യോളജി (Sociology)
മനുഷ്യ സ്വഭാവത്തെ പറ്റിയുള്ള പഠനം :
സൊമാടോളജി (Somatology)
വായിലുണ്ടാകുന്ന അസുഖങ്ങളെ പറ്റിയുള്ള പഠനം :
സ്റ്റൊമാറ്റൊളജി (Stomatology)
ഗുഹകളെ പറ്റിയുള്ള പഠനം :
സ്പീലിയൊളജി (Speleology)
ഇതിഹാസങ്ങളെ പറ്റിയുള്ള പഠനം :
സ്റ്റോറിയോളജി (Storiology)
സ്ഥല ചരിത്രത്തെ കുറിച്ചുള്ള പഠനം :
ടോപ്പോളജി (Topology)
വിഷ പദാര്‍ഥങ്ങളെ കുറിച്ചുള്ള പഠനം : ടോക്സിക്കോളജി (Toxicology)
ഘര്‍ഷണത്തേയും എണ്ണ ഇടലിനെയും പറ്റിയുള്ള പഠനം: ട്രൈബോളജി (Tribology)

Wednesday, September 3, 2008

പാലിന്റെ വെളുത്ത നിറത്തിന്‌ കാരണമെന്ത്‌?

പാലിന്റെ വെളുത്ത നിറത്തിന്‌ കാരണമെന്ത്‌ ?
ചിലയിനം പാലിന്‌ മഞ്ഞ നിറം കാണുന്നത്‌ എന്ത്‌ കൊണ്ട്‌ ?

പാലിന്റെ വെളുത്ത നിറത്തിന്‌ കാരണം അതില്‍ അടങ്ങിയിട്ടുള്ള ചില രാസവസ്തുക്കളുടെ പ്രത്യേകതമൂലമാണ്‌. കൊഴുപ്പുകണികകള്‍, കാത്സ്യം കേസിനേറ്റ്‌, കാത്സ്യം ഫോസ്ഫേറ്റ്‌ എന്നിവയുടെ കൊളൊയ്ഡിയ പരിവേഷണം മൂലമാണ്‌ വെളുത്ത നിറം ലഭിക്കുന്നത്‌. പക്ഷേ എല്ലാതരം പാലും വെളുത്ത നിറത്തില്‍ ആയിരിക്കണമെന്നില്ല. നല്ല വെളുപ്പ്‌ മുതല്‍ മഞ്ഞ കലര്‍ന്ന തവിട്ട്‌ നിറം വരെയുള്ള പാല്‍ ലഭ്യമാണ്‌. കരോറ്റിന്‍ എന്ന വര്‍ണകവും റൈബോ ഫ്ലേവിന്‍ എന്ന ജീവകവും വര്‍ദ്ധിച്ച തോതില്‍ അടങ്ങിയിരിക്കുകയാണെങ്കില്‍ വെളുത്ത നിറം മാറി മഞ്ഞയോ തവിട്ടോ നിറമുള്ള പാല്‍ ആയെന്നിരിക്കും.

സാജന്‍ മാറനാട്
മാധ്യമം ദിനപത്രം
milk, science, knowledge, madhyamam news paper, nadhyamam science, science encyclopedia, scientist, news,

Sunday, July 20, 2008

പപ്പടം പൊള്ളുന്നതെങ്ങനെ ?

തിളച്ച എണ്ണയിലിടുമ്പോള്‍ പപ്പടം പൊള്ളുന്നതെങ്ങനെ ?
പപ്പടം ഉണ്ടാക്കുന്നതിന്റെ ഒരു മുഖ്യ അസംസ്കൃത വസ്തു ഉഴുന്നാണ്‌. ഉഴുന്നു മാവ്‌ ശരിക്ക്‌ മൃതുവാകാനും പൊങ്ങി പാകപ്പെടാനും വേണ്ടി അതില്‍ അപ്പക്കാരം അഥവാ സോഡിയം ബൈ കാര്‍ബണേറ്റ്‌ ചേര്‍ക്കുന്നു. ഈ വസ്തുവിന്‌ ജല തന്‍മത്രകളെ ആഗിരണം ചെയ്‌ത്‌ പരല്‍ രൂപത്തിലായി നില്‍ക്കാന്‍ കഴിവുണ്ട്‌. പരല്‍ രൂപത്തില്‍ സ്വാംശികരിച്ചിട്ടുള്ള ജലതന്‍മാത്രകള്‍ പിന്നീട്‌ എത്ര ഉണക്കിയാലും പുറത്ത്‌ പോവില്ല. അതായത്‌ പപ്പടം വെയിലത്തു വെച്ച്‌ ഉണക്കിയാലും അതിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ജലതന്‍മാത്രകള്‍ക്ക്‌ ഒന്നും സംഭവിക്കില്ല. തിളച്ച എണ്ണയിലേക്ക്‌ പപ്പടം പെട്ടെന്ന്‌ ഇടുമ്പോള്‍ അതികഠിനമായ ചൂടുമൂലം അപ്പക്കാരത്തിന്റെ പരല്‍ രൂപം നഷ്ടപ്പെടുകയും അതില്‍ അടങ്ങിയിരിക്കുന്ന ജലകണങ്ങള്‍ നീരാവിയായി പുറത്തേക്ക്‌ പ്രവഹിക്കുകയും ചെയ്യുന്നു. അങ്ങിനെയുള്ള നീരാവിയുടെ രക്ഷപ്പെടല്‍ പപ്പടത്തെ പൊള്ളിക്കുകയും ചെയ്യുന്നു.

മാധ്യമം ദിനപത്രം
സാജന്‍ മാറനാട്

Monday, July 14, 2008

പൂവന്‍ കോഴി കൂവുന്നത്‌..........

പുലര്‍ കാലത്ത്‌ പൂവന്‍ കോഴി കൂവുന്നത്‌ എന്തു കൊണ്ട്‌ ?

പുലരിയില്‍ പൂവന്‍ കോഴി മാത്രമല്ലല്ലോ കൂവുന്നത്‌. മറ്റ്‌ വിവിധ തരം പക്ഷികളും അതിരാവിലെ അവരുടേതായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്‌. കോഴി വളര്‍ത്തു പക്ഷി ആയതുമൂലം നാം അതു കൂടുതല്‍ ശ്രദ്ധിക്കുന്നു. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും പൂവന്‍ കോഴിയുടെ കൂവലിനു പിന്നിലുള്ള ചില ശാസ്ത്രീയ വിശദീകരണങ്ങള്‍ നോക്കാം.മുഖ്യമായ വിശദീകരണം അവയുടെ ജീവശാസ്ത്ര ഘടികാരം അഥവാ ബയോളജിക്കല്‍ ക്ലോക്കിന്റെ പ്രവര്‍ത്തനഫലമായാണ്‌. എല്ലാ തരം ജീവികളിലും അവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടിയുള്ള ഒരു ആന്തര സംവിധാനമാണിത്‌. ദിവസ ദൈര്‍ഘ്യമായ ഇരുപത്തിനാലു മണിക്കൂറും ഇതു സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യനും ഇതില്‍ നിന്നു വിഭിന്നമല്ല. വിശ്രമശേഷം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കാനും പ്രവര്‍ത്തനശേഷം വിശ്രമിക്കാനുമൊക്കെ നിര്‍ദ്ധേശങ്ങള്‍ നല്‍കുക ഈ ഘടികാരമത്രേ. ജീവജാലങ്ങളുടെ തലച്ചോറിനോടനുബന്ധിച്ചാണ്‌ ഈ ഘടികാര പ്രവര്‍ത്തനങ്ങളും നടക്കുക. കീ കൊടുക്കലോ ബാറ്ററിയോ ക്വാര്‍ട്സ്‌ ക്രിസ്റ്റലുകളോ വേണ്ടെന്ന്‌ മാത്രം. പൂവന്‍ കോഴി ഒരു സംഘത്തിന്റെ നേതാവാണ്‌. മറ്റ്‌ പ്രജകളെ ഉണര്‍ത്തേണ്ടതും കര്‍മ്മോന്‍മുഖരാക്കേണ്ടതും നേതാവിന്റെ കര്‍ത്തവ്യമാണ്‌. ആ കര്‍ത്തവ്യ ബോധമുള്ളതിനാല്‍ അത്‌ ആദ്യം തന്നെ ഉണരുകയും ഉച്ചത്തില്‍ കൂവി മറ്റുള്ളവരെ ഉണര്‍ത്തുകയും ചെയ്യുന്നു. മറ്റ്‌ പക്ഷികളെ പോലെ ഇര തേടാനുള്ള പ്രവര്‍ത്തിയുടെ ആദ്യ ഘട്ടമാണ്‌ ഈ ശബ്ദ ഘോഷവും. അതിരാവിലെയുള്ള ഭക്ഷണം തേടലിന്റെ ഒരു തയ്യാറെടുപ്പു കൂടിയാണ്‌ ഈ കൂവലും കലപില ശബ്ദങ്ങളും. അതിരാവിലെ ശ്രദ്ധിച്ചാല്‍ മറ്റ്‌ നിരവധി തരം പക്ഷികളും ഈ സ്വഭാവം കാട്ടുന്നതായി കാണാം. ഇനി നേതാവിന്റെ ധര്‍മ്മമാണ്‌ പ്രജകളൂടെ സംരക്ഷണം . തന്റെ അധീനതയില്‍ പെട്ട സ്ഥലത്ത്‌ മറ്റുള്ളവര്‍ കടന്നു കയറുന്നത്‌ അവര്‍ക്ക്‌ രസിക്കില്ല. തന്റെ അധികാര പരിധി മറ്റുള്ളവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കാന്‍ കൂടിയാണ്‌ അവ കൂവുന്നത്‌. ഇത്തരം അറിയിപ്പുകള്‍ മറ്റ്‌ സമയങ്ങളിലും കേള്‍ക്കാനാവും. കുയിലിന്റെ പാട്ടും ഇതിന്റെ മറ്റൊരു ഉദാഹരണമാണ്‌. ഉദ്ദിഷടത , ജാഗ്രത എന്നീ അറിയിപ്പുകള്‍ കൂടാതെ കര്‍മ്മോത്സുകതക്കുള്ള ആഹ്വാനം കൂടിയാണ്‌ കൂവല്‍. ചുരുക്കത്തില്‍ കൂവുക പൂവന്റെ പൊതുസ്വഭാവമാണ്‌.

സാജന്‍ മാറനാട്‌
മാധ്യമം ദിനപത്രം

Sunday, July 13, 2008

മാമ്പഴം ഇന്ത്യയില്‍ നിന്നോ ?

പഴങ്ങളുടെ രാജാവായ മാമ്പഴം ഇന്ത്യന്‍ ഫലമാണെന്ന്‌ പറയുന്നതില്‍ വാസ്തവമുണ്ടോ ?

മാമ്പഴം ശരിക്കും ഇന്ത്യന്‍ തന്നെ. അതിന്റെ ശാസ്ത്രീയ നാമം തന്നെ അതു വെളിവാക്കുന്നു. മാന്‍ജിഫെറ ഇന്‍ഡിക്ക (MANGIFERA INDICA) . സ്പീഷിസ്‌ പേരായ 'ഇന്‍ഡിക്ക" ഇന്ത്യന്‍ സ്വദേശി എന്നത്‌ വെളിവാക്കാനുള്ളതാണ്‌. ഇംഗ്ലീഷ്‌ , ജര്‍മന്‍, ഗ്രീക്ക്‌, ഹിബ്രു, റഷ്യന്‍ , ഇറ്റാലിയന്‍ , സ്പാനിഷ്‌, സ്വീഡിഷ്‌ , ഡച്ച്‌ നോര്‍വീജിയന്‍ തുടങ്ങിയ ഭാഷകളില്‍ മാങ്ങയെ മാംഗോ (MANGO) ഏന്നാണ്‌ വിളിക്കുന്നത്‌.പോര്‍ച്ചുഗീസിലാവട്ടെ നമ്മുടെ മലയാളത്തിലെ പ്പോലെ മാങ്ങയും.ജപ്പാനീസ്‌ ഭാഷയില്‍ ഒരു യു കൂടി വരും. MANGOU. ഒട്ടു മിക്ക രാജ്യങ്ങളിലും ഏതാണ്ടൊരേ പേരില്‍ തന്നെ മാങ്ങ അറിയപ്പെടാന്‍ കാരണം തന്നെ അത്‌ അവിടെയൊക്കെ വിദേശിയാണെന്നതിലാണെന്ന്‌ മനസ്സിലാക്കാം. തമിഴില്‍ മാങ്ങക്ക്‌ മാങ്കേ എന്നാണ്‌ വിളിപ്പേര്‌.

പടിഞ്ഞാറന്‍ ഇന്ത്യയില്‍ വ്യവസായ
ആവശ്യങ്ങള്‍ക്കായി എത്തിയ പോര്‍ച്ചുഗീസുകള്‍ മധുരം കിനിയുന്ന ആ പഴത്തിനെ മാങ്ങ എന്നു വിളിച്ചു. തങ്ങളുടെ നാട്ടിലേക്ക്‌ ഈ മരത്തെ കൊണ്ട്‌ പോവാന്‍ പലതവണ ശ്രമിച്ചെങ്കിലും മാങ്ങയുടെ ആയുസ്സ്‌ കുറവായതിനാല്‍ അതിലവര്‍ വിജയിച്ചില്ല. ഒടുവില്‍ 1700 ല്‍ ബ്രസീലില്‍ ഒരു മാന്‍ജിഫെറ ഇന്‍ഡിക്ക വളര്‍ന്നെന്നാണ്‌. തുടര്‍ന്ന്‌ 1740 ല്‍ വെസ്റ്റ്‌ ഇന്‍ഡിസിലും മധ്യ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ മാങ്ങ ആധിപത്യം സ്ഥാപിച്ചു. അങ്ങനെ നമ്മുടെ മാങ്ങ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ മാംഗോ ആയും മാങ്കോയും മാങ്ങയായും പ്രചാരം നേടി.

എ.ഡി 632 മുതല്‍ 645 വരെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ചൈനീസ്‌ സന്ചാരി ഹ്യൂയാന്‍ സാങ്ങ്‌ ആണ്‌ മാങ്ങയെ പറ്റി ഒരു വിവരണം ആദ്യമായി ബാഹ്യലോകത്ത്‌ എത്തിക്കുന്നത്‌. തുടര്‍ന്ന്‌ 1328-ല്‍ ഫ്രയര്‍ ജോര്‍ഡാനസും 1349 ല്‍ ജോണ്‍ ഡി മാരിഗ്നാലിയുമൊക്കെ മാവിനെ പറ്റിയുള്ള വിവരണങ്ങള്‍ നല്‍കിയതായി ചരിത്രം പറയുന്നു. 18 അം നൂറ്റാണ്ടോടു കൂടി ലോകമെങ്ങും വ്യാപിക്കപ്പെട്ട മാങ്ങയുടെ പേര്‌ മാന്‍ജിഫെറ ഇന്‍ഡിക്ക എന്ന്‌ നല്‍കിയിട്ടുള്ളത്‌ സസ്യ - ജന്തു ദ്വിനാമ പദ്ധതിയുടെ ഉപജ്ഞാതാവും വര്‍ഗീകരണ ശാസ്ത്ര ശാഖയുടെ പിതാവുമായ കരോളസ്‌ ലിന്നേസാണ്‌. തമിഴനോ കേരളീയനോ എന്നൊന്നും അറിയാതെയാവണം ഇന്ത്യക്കാരന്‍ എന്നര്‍ഥത്തില്‍ അദ്ധേഹം മാവിനെ ഇന്‍ഡിക്ക എന്ന്‌ നാമകരണം നടത്തിയിട്ടുള്ളത്‌.


സാജന്‍ മാറനാട്‌
മാധ്യമം ദിനപത്രം

Thursday, July 10, 2008

മുളക്‌ എരിയുന്നത്‌ എന്തു കൊണ്ട്‌ ?

മുളകില്‍ അടങ്ങിയിട്ടുള്ള കാപ്സേസിന്‍ എന്നറിയപ്പെടുന്ന ഒരു രാസവസ്തുവാണ്‌ എരിവിന്റെ പിന്നില്‍. മുളകിന്റെ പുറന്തോടിനും മധ്യ ഭാഗത്തുള്ള വിത്തുല്‍പാദന കോശത്തിനും ഇടയിലുള്ള ലോല ഭിത്തിയിലാണ്‌ ഈ രാസവസ്തു വളരെ കൂടുതലായി അടങ്ങിയിട്ടൂള്ളത്‌.

അതു കൊണ്ട്‌ മുളകിന്റെ ഉള്ളിലുള്ള ഈ ലോല ഭിത്തിയിലെ കോശങ്ങള്‍ക്കാണ്‌ എരിവ്‌ കൂടുതല്‍ തോന്നുക. വിത്തുകളും പുറന്തോടും അതിന്റെ പത്തിലൊരംശം മാത്രമേ എരിവ്‌ പേറുന്നുള്ളു. നിറമോ ഗന്ധമോ ഇല്ലാത്ത ഒരു രാസ യൌഗികമാണ്‌ കാപ്സേസിന്‍. നാവിലുള്ള രുചി മുകുളങ്ങളുമായി കാപ്സേസിന്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ കഠിനമായ ചൂടും പുകച്ചിലു അനുഭവപ്പെടുന്നു.അതാണ്‌ നമുക്ക്‌ അനുഭവവേദ്യമാകുന്ന എരിവ്‌. എരിവ്‌ തോന്നുക വ്യക്തികളെ അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും.. ധാരാളം മുളക്‌ തുടര്‍ച്ചയായി കഴിച്ച്‌ ശീലിച്ചവര്‍ക്ക്‌ മുളക്‌ കഴിച്ചാല്‍ വളരെ എരിവൊന്നും തോന്നാറില്ല.

എന്നാല്‍ മറ്റ്‌ ചിലര്‍ക്ക്‌ അല്‍പം നാവില്‍ വെച്ചാല്‍ തന്നെ എരിവ്‌ തോന്നുന്നു. രുചിമുകുളങ്ങള്‍ കാപ്സേസിനുമായി പൊരുത്തപ്പെടുന്നതു മൂലമാണ്‌ ആദ്യ കൂട്ടര്‍ക്ക്‌ വലിയ എരിവൊന്നും തോന്നാത്തത്‌. മുളകിന്റെ ചില സങ്കര വര്‍ഗങ്ങള്‍ ഉല്‍പാധിപ്പിച്ച്‌ വിപണിയില്‍ എത്തിക്കുന്നുണ്ട്‌. അത്തരം മുളകില്‍ കാപ്സേസിന്റെ അളവ്‌ തിരെ കുറഞ്ഞിരിക്കുന്നതിനാല്‍ വലിയ എരിവുണ്ടാകാറില്ല. അങ്ങനെയുള്ളവയാണ്‌ പച്ചക്കറിയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കുന്നത്‌. കാപ്സേസിന്‍ എന്ന രാസയൌഗികം ഗുണദോഷങ്ങള്‍ നിറഞ്ഞതാണ്‌. അമിതമായാല്‍ അമൃതും വിഷം എന്ന പോലെ കാപ്സേസിനും അമിതമായാല്‍ അപകടകാരിയാണ്‌.

സാജന്‍ മാറനാട്‌
മാധ്യമം ദിനപത്രം

ഒരു പരന്ന പാത്രത്തില്‍നിറയെ ജലമിരിക്കുമ്പോള്‍ അതില്‍ ഒരു വിരല്‍ കൊണ്ട്‌ തൊടുകയാണെങ്കില്‍ പോലും ധാരാളം ഓളങ്ങള്‍ ഉണ്ടാകുന്നത്‌ കാണാം.എന്തു കൊണ്ടാണിത്‌ ?


ജലത്തിന്റെ ഉപരിതലത്തില്‍ സര്‍ഫസ്‌ ടെന്‍ഷന്‍ അഥവാ പ്രതലത്തിന്റെ ഫലമായി ഒരു നേര്‍ത്ത പാട പോലെ രൂപപ്പെടേണ്ടതാണ്‌.ജലസ്ഥരം എന്ന്‌ വിളിക്കുന്നു.ഈ ജലസ്ഥരം ഏതെങ്കിലും കാരണത്താല്‍ പൊട്ടിയാല്‍ വലിഞ്ഞു നില്‍ക്കുന്ന പാളികള്‍ വശങ്ങളിലേക്ക്‌ അകന്നു മാറും.ഇതിനെയാണ്‌ നാം ഓളങ്ങള്‍ എന്നു വിളിക്കുന്നത്‌. നമ്മുടെ ശരീരത്തിലും കൈ വിരലുകളിലുമൊക്കെ അല്‍പ്പം എണ്ണമയം ഉണ്ടായിരിക്കും.വൃത്തിയായി കഴുകുമ്പോള്‍ അല്‍പം കുറഞ്ഞിരിക്കുമെന്ന്മാത്രം. അങ്ങനെയുള്ള വിരല്‍ ജലം നിറഞ്ഞ പാത്രത്തില്‍ ചെറുതായൊന്ന്‌ തൊട്ടാല്‍ പോലും വലിഞ്ഞു മുറുകി നില്‍ക്കുന്ന ജലസ്ഥരം പൊട്ടുകയും വിരല്‍ പുറത്തെടുക്കുമ്പോല്‍ വീണ്ടും ഒന്നിച്ചു കൂടുകയും ചെയ്യുന്നത്‌ കാണാം,വിരലഗ്രത്തില്‍ എണ്ണമയം കൂടുതലായതിനാലാണ്‌ തൊടുമ്പോള്‍ പ്രതല സമ്മര്‍ദ്ധം കുറയുന്നതും ജലസ്ഥരം പൊട്ടി ഓളങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നത്‌.

മാധ്യമം ദിനപത്രം

Followers

Back to TOP